ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍(94) അന്തരിച്ചു. ലണ്ടനില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്.
പഞ്ചാബിലെ ജലന്ധറിലാണ് സ്വരാജ് പോള്‍ ജനിച്ചത്. മകളായ അംബികയുടെ ചികിത്സക്കായാണ് 1960 കളില്‍ അദേഹം ബ്രിട്ടണിലെത്തിയത്. മകളുടെ മരണ ശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു.
2015 ല്‍ മകന്‍ അംഗദ് പോളും 2022 ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദേഹം നേതൃത്വം നല്‍കി.
സണ്‍ഡേ ടൈംസിന്റെ ഈ വര്‍ഷത്തെ സമ്പന്ന പട്ടികയില്‍ അദേഹം എണ്‍പത്തൊന്നാം സ്ഥാനത്തായിരുന്നു. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ഹൗസ് ഓഫ് ലോഡ്സില്‍ അംഗമായ അദേഹം.
സ്റ്റീല്‍, എന്‍ജിനിയറിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ കാപാറോ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമായ രണ്ട് ബില്യണ്‍ പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആസ്തി.
ബ്രിട്ടണ്‍, വടക്കേ അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 40 ലധികം ശാഖകള്‍ കാപാറോ ഗ്രൂപ്പിനുണ്ട്. അദേഹത്തിന്റെ മകന്‍ ആകാശ് പോള്‍ കാപാറോ ഇന്ത്യയുടെ ചെര്‍മാനും കാപാറോ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.
ബ്രിട്ടണിലെ വ്യവസായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പൊതുസേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സ്വരാജ് പോളെന്ന് അനുശേചന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സില്‍ കുറിച്ചു.