ന്യൂയോർക്ക്: പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ഹൗസ് ഓഫ് ഡേവിഡില്‍ ദാവീദ് രാജാവായി അഭിനയിച്ച നടന്‍ മൈക്കല്‍ ഇസ്‌കാന്‍ഡര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് മൈക്കല്‍ ലോകത്തെ അറിയിച്ചത്.
‘ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അത് വളരെ നീണ്ട ഒരു പ്രക്രിയയായിരുന്നു. ഇന്ന് ഞാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഈ സഭയിലേക്കുള്ള വിളി എനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നു. കാലം കടന്നുപോകുന്തോറും ആ വിളി കൂടുതല്‍ ശക്തമായി. ഒരു പാതയുടെ അവസാനമെന്നതിനേക്കാള്‍ ഇത് യാത്രയുടെ തുടക്കമാണ്. ദൈവത്തോടൊപ്പമുള്ള എന്റെ നടത്തം തുടരുമ്പോള്‍ ദയവായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.‘ - മൈക്കല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദാവീദ് രാജാവിനെ ചലച്ചിത്രത്തില്‍ അവതരിപ്പിക്കാന്‍ താന്‍ സ്വപ്നം കണ്ടിരിന്നുവെന്നും എന്നാല്‍ ഇത് അതിവേഗം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും ഇസ്‌കന്ദർ നിരവധി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ദാവീദ് രാജാവിനെ കേന്ദ്രീകരിച്ചുള്ള വരാനിരിക്കുന്ന പരമ്പരയുടെ പ്രാരംഭ ഓഡിഷന് താരം എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അദേഹത്തെ തഴഞ്ഞിരിന്നു. രണ്ടാഴ്ച കഴിഞ്ഞ് റീഓഡിഷനിനായി വിളിച്ചു.
രണ്ടാമത്തെ ഓഡിഷന് മുമ്പ് പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും മൈക്കലിന്റെ അമ്മ ഉപദേശിച്ചു. രണ്ട് മാസത്തിന് ശേഷം ആ വേഷം ചെയ്യാനുള്ള ഓഫര്‍ ലഭിക്കുകയായിരുന്നു.