കുവൈറ്റ് സിറ്റി: ഓണ്‍ലൈന്‍ ഗെയിമായ റോബ്ലോക്സ് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതു പ്രതികരണത്തെ തുടര്‍ന്ന്, ഗെയിം താല്‍കാലികമായി നിരോധിക്കുന്നതായി കുവൈറ്റ്. കുവൈറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റഗുലേറ്ററി അതോറിട്ടി (സിട്ര)യാണ് ഇക്കാര്യം അറിയിച്ചത്. ഗെയിം ഉപയോഗിക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമപരമായ അധികാരം ഉപയോഗിച്ചാണ് നിരോധിനം ഏര്‍പ്പെടുത്തുന്നതെന്ന് അതോറിട്ടി വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് റോബ്ലോക്‌സ് ഗെയിം എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് നിരോധനം. കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്നതായും സദാചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും രക്തരൂഷിത രംഗങ്ങള്‍, സാമൂഹികവിരുദ്ധ പ്രവണതകള്‍, കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയാണ് പരാതികളില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഗെയിമര്‍മാരുടെ സുരക്ഷിതമല്ലാത്ത രീതികള്‍, ഇലക്ട്രോണിക് ചൂഷണം, ദോഷകരമായ പെരുമാറ്റം എന്നിവയുള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സിട്ര വ്യക്തമാക്കി.
റോബ്ലോക്‌സ് ഓണ്‍ലൈന്‍ ഗെയിമിങ് ക്രിയേഷന്‍ പ്ലാറ്റ്ഫോം 2004 ലാണ് ആരംഭിച്ചത്. ഇത് ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ആയി കളികളില്‍ ഏര്‍പ്പെടാനും അവര്‍ സൃഷ്ടിക്കുന്നത് പങ്കിടാനും അനുവദിക്കുന്നു. 13 വയസിന് താഴെയുള്ളവര്‍ ഈ ഗെയിം ഉപയോഗിക്കുമ്പോള്‍ റിമോട്ട് പാരന്റല്‍ കണ്‍ട്രോളുകള്‍ അവതരിപ്പിക്കുകയും ആശയ വിനിമയ രീതികള്‍ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം അവസാനം റോബ്ലോക്‌സ് പ്രധാന സുരക്ഷാ അപ്ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍, ഒമാന്‍, ചൈന, തുര്‍ക്കി, ജോര്‍ദാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ റോബ്ലോക്സ് ഗെയിം നേരത്തെ നിരോധിച്ചിരുന്നു.