തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെ രാജി ഉടനുണ്ടാകും.
വി.എം സുധിരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തില്‍ ഒറ്റക്കെട്ടാണ്. സമ്മര്‍ദ്ദം ശക്തമായതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേതാക്കളുമായി തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി വരികയാണ്.
രാജിക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും. പൊതു വികാരത്തിന് ഒപ്പം നില്‍ക്കുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ഉമ തോമസ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവരും രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രാഹുലിനെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ലെന്നാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ പ്രതികരിച്ചത്.
അതേസമയം രാഹുല്‍ രാജി വെച്ചാല്‍ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് വേണ്ടി വരുന്നതാണ് കോണ്‍ഗ്രസ് നടപടിക്ക് അറച്ചു നില്‍ക്കുന്നത്. എ ക്ലാസ് മണ്ഡലമായി കരുതുന്ന പാലക്കാട് ബിജെപി നേട്ടമുണ്ടാക്കുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയപരിധിയുള്ളൂ. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഒഴിവുവന്നാല്‍ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാല്‍ ഉപ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.
നിലവില്‍ തിരക്കിട്ട് ഉപ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയും അഭിപ്രായപ്പെട്ടത്. അതേസമയം പാലക്കാട് തിരക്കിട്ട് ഉപ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമോയെന്നാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്.