പത്തനംതിട്ട: ഒരു തരത്തിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ട്രാന്‍സ്‌ജെന്‍ഡറും സുഹൃത്തുമായ അവന്തികയുമായുളള ചാറ്റ് വിവരങ്ങളും രാഹുല്‍ മാധ്യമങ്ങളുമായി പങ്കുവച്ചു. തന്നെ സ്നേഹിക്കുന്നവര്‍ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞ രാഹുല്‍ എംഎല്‍എ പദവിയില്‍ നിന്ന് രാജി വയ്ക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചില്ല.
ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വിട്ട രാഹുല്‍ മറ്റ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ ഉയരുന്നതിനിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.
എന്നാല്‍ രാജിക്കാര്യത്തെ കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുല്‍ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്. പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് അവന്തികയാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ശബ്ദ സന്ദേശം പുറത്തു വിട്ടത്.
ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് ഉത്തരങ്ങളുണ്ട്. തന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹിക മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് തനിക്കു നേരെ ഈ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു.