വാഷിങ്ടണ്‍: യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡി.ഐ.എ) മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിന്റേതാണ് നടപടി. രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും പുറത്താക്കി. എന്നാല്‍ പുറത്താക്കലിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ജൂണില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തില്‍ സംശയമുളവാക്കുന്ന തരത്തിലുള്ള ഡി.ഐ.എയുടെ പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് വിവാദമായിരുന്നു. ഇതാകാം നടപടിക്ക് കാരണമെന്ന് അഭ്യൂഹമുണ്ട്.
ഇറാന്റെ ആണവ ശേഷി പൂര്‍ണമായും നശിപ്പിച്ചെന്ന് അവകാശപ്പെട്ട ട്രംപ് യു.എസ് ആക്രമണത്തില്‍ ഫോര്‍ദോ അടക്കം ഇറാന്റെ ആണവ കേന്ദ്രങ്ങളെ കാര്യമായി ബാധിച്ചില്ലെന്ന ഡി.ഐ.എയുടെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. ഏജന്‍സിയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു.
ഏജന്‍സിയുടെ റിപ്പോര്‍ട്ട് കുറഞ്ഞ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയെന്നും ഹെഗ്‌സേത്ത് വിശദീകരണവും നല്‍കിയിരുന്നു.