രാജ്യം മുൻഗണന നൽകുന്നത് ദേശീയ താൽപര്യം സംരക്ഷിക്കുന്നതിന്; മികച്ച ഡീൽ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും: റഷ്യയിലെ ഇന്ത്യൻ അംബാസഡർ

രാജ്യം മുൻഗണന നൽകുന്നത് ദേശീയ താൽപര്യം സംരക്ഷിക്കുന്നതിന്; മികച്ച ഡീൽ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും: റഷ്യയിലെ ഇന്ത്യൻ അംബാസഡർ

മോസ്കോ: മികച്ച ഡീൽ ലഭിക്കുന്നത് എവിടെയാണോ അവിടെ നിന്നും എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ദേശീയ താൽപര്യം സംരക്ഷിക്കുന്ന നടപടികൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിനയ് കുമാർ പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കുമാറിൻ്റെ പ്രസ്താവന.

രാജ്യത്തെ 1.4 ബില്യൺ ജനങ്ങൾക്ക് ഊർജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിനയ് കുമാർ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം ഉയർന്ന താരിഫ് ഏർപ്പെടുത്തിയാലും ഇന്ത്യൻ സർക്കാർ ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് തുടരും. റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിന് പിഴയായി ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവുമാണെന്നും വിനയ് കൂട്ടിച്ചേർത്തു.

വാണിജ്യാടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നതെന്ന് വിനയ് കുമാർ എടുത്തുപറഞ്ഞു. വാണിജ്യ ഇടപാട് വ്യാപാര ഇറക്കുമതിയുടെ അടിസ്ഥാനം ശരിയാണെങ്കിൽ ഇന്ത്യൻ കമ്പനികൾ ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിടത്ത് നിന്ന് വാങ്ങുന്നത് തുടരുമെന്നും അദേഹം വ്യക്തമാക്കി.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്ൻ സംഘർഷത്തിന് ധനസഹായം നൽകുന്നുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ അത്തരം അവകാശ വാദങ്ങളെ ശക്തമായി നിരാകരിച്ചിരിക്കുകയാണ് ഇന്ത്യ. അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.