ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.
ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ (ആര്‍ടിഐ) അപേക്ഷകന് നല്‍കണമെന്ന് 2017 ലാണ് കമ്മിഷന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് സച്ചിന്‍ ദത്തയുടേതാണ് വിധി.
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയര്‍ന്നിരുന്നു. 1978 ല്‍ മോഡി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്ടിവിസ്റ്റ് നീരജ് ശര്‍മ ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല ഹര്‍ജി സമര്‍പ്പിച്ചത്.
ബിഎ സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ വരുന്ന അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സര്‍വകലാശാല അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു.
പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ് വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവായത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.