നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയ ബിഷപ്പിനെ സ്വീകരിച്ച് മാർപാപ്പ

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയ ബിഷപ്പിനെ സ്വീകരിച്ച് മാർപാപ്പ

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയ ബിഷപ്പിനെ സ്വീകരിച്ച് ലിയോ പതിനാലാമൻ പാപ്പ. 2024 നവംബറിൽ ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയ നിക്കരാഗ്വൻ ബിഷപ്പുമാരുടെ പ്രസിഡന്റ് ബിഷപ്പ് കാർലോസ് എൻറിക് ഹെരേര ഗുട്ടിയറസിനെയാണ് ലിയോ പാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്.

2022 മുതൽ ബിഷപ്പ് ഹെരേര ഗുട്ടിയേറസ് നിക്കരാഗ്വൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റാണ്. 2024-ൽ ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ ഭരണകൂടത്തിന്റെ കടുത്ത പീഡനങ്ങൽ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് ബിഷപ്പ് ഹെരേര ഗുട്ടിയേറസ്.

തന്റെ കത്തീഡ്രലിന് മുന്നിൽ ഉച്ചത്തിലുള്ള സംഗീതം പ്രദർശിപ്പിച്ച് വിശുദ്ധ കുർബാന തടസപ്പെടുത്തിയ ഒർട്ടേ​ഗയിലെ മേയറെ വിമർശിച്ചതിനാണ് അദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയത്. ബിഷപ്പിനെ പുറത്താക്കിയതിന് ദിവസങ്ങൾക്ക് ശേഷം ഒരു ഫ്രാൻസിസ്കൻ വൈദികനും കൂടിയായ ബിഷപ്പ് ​ഗ്വാട്ടിമാലയിയിൽ ഒരു ഫ്രാൻസിസ്കൻ സമൂഹം സ്വീകരിച്ചിരുന്നു.

2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിക്കുകയായിരിന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.