കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. മാവൂര്‍-എളമരം റോഡില്‍ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടില്‍ പുലിയെ കണ്ടതായി യാത്രക്കാരനാണ് പറഞ്ഞത്. ഇന്നലെ രാത്രി 8:45 ഓടെ പെരുവയല്‍ സ്വദേശി ശ്രീജിത്താണ് ഫാക്ടറിയുടെ പഴയ എട്ടാം ഗേറ്റിന് സമീപം പുലിയെ കണ്ടത്. പെരുവയലില്‍ നിന്നും ബൈക്കില്‍ കൂളിമാട് ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീജിത്ത്.
ഗ്രാസിം ഫാക്ടറി വളപ്പില്‍ നിന്ന് മതില്‍ കടന്ന് റോഡിലേക്ക് പുലിയെന്ന് തോന്നിക്കുന്ന ജീവി ചാടുകയായിരുന്നു. തുടര്‍ന്ന് എതിര്‍വശത്ത് ഗ്രാസിം ക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക് മതില്‍ ചാടിക്കടന്നു പോകുകയും ചെയ്തു. ഭയന്ന യാത്രക്കാരന്‍ എളമരം ഭാഗത്തെ കടകളില്‍ വന്ന് വിവരം അറിയിക്കുകയായിരുന്നു. നീണ്ട വാലും രണ്ടര അടിയോളം ഉയരവുമുള്ള ജീവി പുലിയാണെന്ന് ഇയാള്‍ ഉറപ്പിച്ച് പറയുന്നു.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. ഗ്രാസിം ഫാക്ടറിയുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും വളപ്പ് വര്‍ഷങ്ങളായി കാടുമൂടി കിടക്കുകയാണ്. കാട്ടുപന്നികള്‍ അടക്കമുള്ള ജീവികളുടെ വിഹാര കേന്ദ്രമാണിത്. ഏത് ജീവിയാണെന്ന് സ്ഥിരീകരണം ലഭിക്കുന്നതുവരെ ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.