ഭീഷണി തന്നെയെന്ന് കൂട്ടിക്കോ, സിപിഎം അധികം കളിക്കരുത്; കേരളം ഞെട്ടുന്ന വാര്‍ത്ത വരാനുണ്ട്': മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

ഭീഷണി തന്നെയെന്ന് കൂട്ടിക്കോ, സിപിഎം അധികം കളിക്കരുത്; കേരളം ഞെട്ടുന്ന വാര്‍ത്ത വരാനുണ്ട്': മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: സിപിഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും കേരളം ഞെട്ടുന്ന വാര്‍ത്ത അധികം വൈകാതെ തന്നെ പുറത്തു വരുമെന്നും അദേഹം പറഞ്ഞു.

ബിജെപിക്കെതിരേയും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. കാളയയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെ കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

'ഞാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. എന്നാല്‍ ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. ഈ കാര്യത്തില്‍ സിപിഎമ്മുകാര്‍ അധികം കളിക്കരുത്, വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. അതിന് വലിയ താമസം ഒന്നും വേണ്ട'- പ്രതിപക്ഷ നേതാവ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉടന്‍ തന്നെ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി.

ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും.

ആ കാളയുമായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. വെയിറ്റ് ചെയ്താ മതിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യങ്ങളെല്ലാം പുറത്തു വരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാന്‍ കഴിയില്ലെന്നും അദേഹം മറുപടി നല്‍കി.

ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം എസ്.ശ്രീജയുടെ ആത്മഹത്യയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗം നടത്തി സിപിഎം അധിക്ഷേപിക്കുകയാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.