നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം: ഇരിഞ്ഞാലക്കുട സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം:  ഇരിഞ്ഞാലക്കുട സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്.

സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. സിബിനില്‍ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.

വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് അടക്കമുള്ള മയക്കു മരുന്നുകളുടെ കടത്ത് വ്യാപകമായിരിക്കുകയാണ്. പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്സ്‌റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോള്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്.

കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇല്ലെങ്കില്‍ ഇയാള്‍ സുഗമമായി പുറത്തു കടക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാര്‍ഥികള്‍ സിംഗപ്പൂരില്‍ നിന്നും 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവേ പിടിയിലായിരുന്നു. അന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ ഇത് എവിടേക്കാണെന്നോ ആരൊക്കെയാണ് പിന്നിലെന്നോ കസ്റ്റംസിന് ഇതുവരെ കണ്ടത്താനായിട്ടില്ല.

വിമാനത്താവളത്തില്‍ നിലവിലുള്ള എക്സറേ പരിശോധനയയില്‍ മാത്രമേ കഞ്ചാവ് കണ്ടെത്താനാകൂ. വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ വിശദമായി പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന് കടത്തല്‍ ഫലപ്രദമായി തടയണമെങ്കില്‍ ലേസര്‍ പരിശോധന അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.