'ഒരു ബോംബും വീഴാനില്ല; ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍': എം.വി ഗോവിന്ദന്‍

'ഒരു ബോംബും വീഴാനില്ല; ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍': എം.വി ഗോവിന്ദന്‍

തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണ്. കെപിസിസി പ്രസിഡന്റ് താല്‍ക്കാലികമായി പറഞ്ഞൊഴിഞ്ഞിരിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും 24 മണിക്കൂറും പറഞ്ഞത് രാജി വെപ്പിക്കുമെന്നാണ്. പക്ഷെ രാജി വെപ്പിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം രാഹുല്‍ മാങ്കൂട്ടം അതിശക്തമായ ഭീഷണി ഉയര്‍ത്തിയതു മൂലമാണ്.

താന്‍ രാജിവെച്ചാല്‍ പലരുടെയും കഥയും പുറത്തു പറയുമെന്ന ഭീഷണിയെ തുടര്‍ന്നാണ് അവസാനം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണ്ടെന്ന് വെച്ചത്. കേസൊന്നുമില്ലെന്ന് പറഞ്ഞാല്‍, പിന്നെ എന്തിനാണ് സസ്പെന്റ് ചെയ്തതെന്നും ഗോവിന്ദന്‍ ചോദിച്ചു.

സിപിഎമ്മിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്ന സതീശന്റെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വരട്ടെ, വന്നോട്ടെ, ഞങ്ങള്‍ക്ക് ഭയമില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പറയുന്നതല്ലാതെ വരുന്നില്ലല്ലോ.

അതിനെയൊക്കെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു പ്രയാസവുമില്ല. കൃത്യമായ നിലപാടോടെയാണ് മുന്നോട്ടേക്കു പോകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആരോപണത്തിലാണ് മുകേഷിനെതിരെ കേസു വന്നത്. അതില്‍ കോടതി വിധിയെന്താണോ അപ്പോള്‍ നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.