മണ്ണിടിച്ചില്‍: താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു; വന്‍ ഗതാഗതക്കുരുക്ക്

മണ്ണിടിച്ചില്‍: താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു; വന്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണതോടെ ദേശീയ പാത 766 താമരശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഒന്‍പതാം വളവിന് സമീപം വൈകുന്നേരം ഏഴോടെയാണ് വലിയ പാറക്കല്ലുകളും മണ്ണും മറ്റും റോഡിലേക്ക് ഇടിഞ്ഞുവീണത്.

കാല്‍നട യാത്ര പോലും സാധ്യമല്ലാത്ത നിലയിലാണ് റോഡില്‍ തടസം ഉണ്ടായിരിക്കുന്നത്. തടസം നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നാണ് സൂചന. മണ്ണുമാന്തി യന്ത്രം എത്തിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇതുവഴിയുളള ഗതാഗതം ഒഴിവാക്കുന്നതാകും ഉചിതമെന്ന് പൊലീസ് അറിയിച്ചു. അഗ്‌നിരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അടിവാരത്ത് നിന്നുള്ള വാഹനങ്ങള്‍ കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് തിരിച്ചുവിടുന്നുണ്ട്. വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കില്‍ നിലമ്പൂര്‍ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. അടിവാരത്തും, ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വാഹനങ്ങള്‍ തിരിച്ചു വിടുന്നുണ്ട്. മണ്ണിടിഞ്ഞപ്പോള്‍ തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.