ആക്ഷേപങ്ങള്‍ ഗൗരവമേറിയത്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുഖ്യമന്ത്രി

ആക്ഷേപങ്ങള്‍ ഗൗരവമേറിയത്:  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങള്‍ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് തുടരരുന്നത് ശരിയല്ല.

ഇത് പൊതു സമൂഹം തന്നെ സ്വീകരിച്ചിട്ടുള്ള നിലപാടാണ്. എന്നാല്‍ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്. ഇങ്ങനെ എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ നിന്ന് വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നതു മാത്രമല്ല, അലസിയില്ലെങ്കില്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലാന്‍ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. എത്രമാത്രം ക്രിമിനല്‍ രീതിയാണ് ഇതെന്ന് കാണേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവേയുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന കാര്യങ്ങള്‍ രാജ്യത്തായാലും സംസ്ഥാനത്തായാലും ചില ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഇത്രത്തോളം പോയ കാര്യങ്ങള്‍ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല. അതും പൊതുപ്രവര്‍ത്തകന്‍. അത്തരമൊരു സാഹചര്യത്തില്‍ ശക്തമായ നിലപാട് എടുത്താണ് പോകേണ്ടതെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഇവിടെ എല്ലാം താല്‍പര്യങ്ങള്‍ അനുസരിച്ച് നോക്കുകയാണ്. സംസ്ഥാനത്ത് വളരെ പ്രധാനപ്പെട്ട പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. സാധാരണഗതിയില്‍ അദേഹത്തിന്റെ പ്രതികരണം സമൂഹം ശ്രദ്ധിക്കും.

ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസിനകത്ത് പലരും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയും അതിന്റേതായ ഒരു ധാര്‍മ്മികതയുമുണ്ട്. അതെല്ലാം നഷ്ടപ്പെട്ടു പോകുന്നല്ലോയെന്ന മനോവ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചിട്ടുണ്ട്.

തെറ്റായ രീതിയില്‍ പ്രമോട്ട് ചെയ്യുന്നതിനുവേണ്ടി ചില നേതാക്കന്മാര്‍ തന്നെ ശ്രമിച്ചു. അതിന്റെ ബാധ്യതയായി ഇത്രയെല്ലാം കാര്യങ്ങള്‍ വന്നിട്ട് അതിനെല്ലാം നേതൃത്വം കൊടുത്തയാളെ സംരക്ഷിക്കാന്‍ തയ്യാറാകുന്നത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാത്തതാണ്.

പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ചു പറയുകയാണ്. അത്തരമൊരു നിലയിലേക്ക് പ്രതിപക്ഷ നേതാവിനെപ്പോലൊരാള്‍ പോകാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടിയിലെ നേതാക്കളുടെ വികാരം മാനിച്ചുകൊണ്ടല്ലേ പ്രതികരിക്കേണ്ടത്. ഇക്കാര്യത്തില്‍ ശരിയായ നിലയിലല്ല പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.