കൊച്ചി: തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി പരാതി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ പൊലീസെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഇയാള്‍ വളര്‍ത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായിരുന്നു. നായ്ക്കളെ ഷെല്‍റ്ററിലേയ്ക്ക് മാറ്റി.
എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. സുധീഷിന്റെ മകന്‍ ഫോണില്‍ പൊലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയോടെ പൊലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ സുധീഷിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ്. പട്ടിണിയിലായ നായ്ക്കള്‍ ഭക്ഷണം കിട്ടാതെ ബഹളംവച്ചതായി പ്രദേശവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ സജീവന്‍ സ്ഥലത്തെത്തി നായ്ക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത്രയും നായ്ക്കളെ ഇവിടെ വളര്‍ത്തുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇവയെ ഇവിടെനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തൃപ്പൂണിത്തുറ നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കി.
അധികൃതര്‍ നായ്ക്കളുടെ ഉടമയ്ക്ക് നോട്ടീസ് കൊടുത്തിരുന്നു. ബുധനാഴ്ച പൊലീസ് നായ്ക്കളെ കൊച്ചി കണ്ടക്കടവിലെ ഷെല്‍റ്ററിലേക്കു മാറ്റി.