പട്ന: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ നേപ്പാള്‍ വഴി നുഴഞ്ഞുകയറിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാ നിര്‍ദേശം. ജയ്ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്ന് പേരാണ് ബിഹാറിലേക്ക് കടന്നതെന്നാണ് വിവരം.
റാവല്‍പിണ്ടി സ്വദേശിയായ ഹസ്നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരുടെ പേരും ചിത്രങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് മൂവര്‍ സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണ സാധ്യതയുള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.