കാസര്‍കോട്: അമിത വേഗത്തിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളും ഒരാള്‍ കാസര്‍കോഡ് തലപ്പാടി സ്വദേശിയുമാണ്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഓട്ടോറിക്ഷ അടക്കമുള്ള ചില വാഹനങ്ങളും ബസ് ഇടിച്ചു തെറിപ്പിച്ചു. മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. ഇതില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.