എയർ ഷോ റിഹേഴ്‌സലിനിടെ എഫ്-16 യുദ്ധ വിമാനം നിലംപതിച്ച് അഗ്നിഗോളമായി; പൈലറ്റിന് മരണം; വിഡിയോ

എയർ ഷോ റിഹേഴ്‌സലിനിടെ എഫ്-16 യുദ്ധ വിമാനം നിലംപതിച്ച് അഗ്നിഗോളമായി; പൈലറ്റിന് മരണം; വിഡിയോ

വാഴ്‌സ: പോളണ്ടിലെ റാഡോമില്‍ ഒരു എയര്‍ ഷോയുടെ റിഹേഴ്സലിനിടെ വ്യോമസേനയുടെ എഫ്-16 യുദ്ധ വിമാനം തകര്‍ന്നു വീണു. ഒരു പോളിഷ് ആര്‍മി പൈലറ്റ് മരിച്ചു. അപകടത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല.

പോളണ്ടിന്റെ ഉപപ്രധാനമന്ത്രി വ്‌ലാഡിസ്ലോ കോസിനിയാക്-കാമിസ് വാര്‍ത്ത സ്ഥിരീകരിക്കുകയും അനുശോനം പങ്കുവയ്ക്കുകയും ചെയ്തു. സമൂഹ മാധ്യമമായ എക്സിലെ ഒരു പോസ്റ്റിലൂടെയായിരുന്നു അദേഹം സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

‘എഫ്-16 വിമാനാപകടത്തില്‍ ഒരു പോളിഷ് ആര്‍മി പൈലറ്റ് മരിച്ചു – സമര്‍പ്പണത്തോടെയും ധൈര്യത്തോടെയും രാജ്യത്തെ എപ്പോഴും സേവിച്ച ഒരു ഉദ്യോഗസ്ഥന്‍. അദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വ്യോമസേനയ്ക്കും മുഴുവന്‍ പോളിഷ് ആര്‍മിക്കും ഇത് വലിയ നഷ്ടമാണ്,’ വ്‌ലാഡിസ്ലോ കുറിച്ചു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജെറ്റ് വിമാനം ബാരല്‍-റോള്‍ എയറോബാറ്റിക് പരിശീലനത്തിനിടെ പെട്ടെന്ന് നിലത്തേക്ക് പതിച്ച് അഗ്നിഗോളമായി മാറുന്നത് കാണാം. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

പോസ്‌നാനിനടുത്തുള്ള 31-ാമത് ടാക്റ്റിക്കല്‍ എയര്‍ ബേസില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് സായുധ സേനയുടെ ജനറല്‍ കമാന്‍ഡ് പറഞ്ഞു. പരിശീലനം കാണാനെത്തിയ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ഈ വാരാന്ത്യത്തില്‍ നടക്കേണ്ടിയിരുന്ന എയര്‍ ഷോ റദ്ദാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.