പട്‌ന: വോട്ടര്‍ അധികാര്‍ യാത്രയോടനുബന്ധിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും ബിഹാറില്‍ നടത്തിയ സംയുക്ത റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പട്നയിലെ കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ 'സദകത്ത് ആശ്രമം' അടിച്ചു തകര്‍ത്തു.
അതിനിടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്ന് ഓഫീസ് ഉപകരണങ്ങള്‍ തകര്‍ക്കുകയും തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അവര്‍ നശിപ്പിക്കുകയും ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തു. ഇതില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് നിന്ന് നീക്കി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ദര്‍ഭംഗയില്‍ രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും വോട്ടര്‍ അധികാര്‍ റാലിക്കിടെ ബുധനാഴ്ച ഒരു പ്രാദേശിക നേതാവ് പ്രധാനമന്ത്രി മോഡിയെയും അദേഹത്തിന്റെ അമ്മയെയും അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഈ സമയം രാഹുലോ തേജസ്വിയോ വേദിയില്‍ ഉണ്ടായിരുന്നില്ല.
നരേന്ദ്ര മോഡിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചയാളെ പിന്നീട് ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദര്‍ഭംഗ നിവാസിയായ റിസ്വി എന്ന രാജയാണ് അറസ്റ്റിലായത്.