ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തി വരുന്ന പ്രത്യേക തീവ്ര പുനപരിശോധനയില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ വലിയ തോതിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടു പിടിച്ചത്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ ഇന്ത്യന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
സമഗ്രമായ പരിശോധന തുടരുമെന്നും യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പേരുകള്‍ സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബിഹാറില്‍ പ്രത്യേക തീവ്ര പുനപരിശോധനയുടെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയ്ക്കിടെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ആളുകളെ ബിഎല്‍ഒമാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആധാര്‍, താമസ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും സ്വന്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കരട് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരില്‍ നിന്ന് വ്യാഴാഴ്ച വരെ ആകെ 1,95,802 അപേക്ഷകള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.