വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റോഡിൽ വെച്ച് നടത്തുകയും കീഴടങ്ങാനുള്ള നിർദേശം അവഗണിക്കുകയും ചെയ്തതോടെയാണ് പൊലീസ് വെടിയുതിർത്തത്.
ജൂലൈ പതിമൂന്നിന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തിരക്കേറിയ തെരുവിൽ ഗുർപ്രീത് സിങ് നീളമുള്ള വാൾ ഉപയോഗിച്ച് പരമ്പരാഗത സിഖ് ആയോധനകലയായ ഗട്ക അവതരിപ്പിക്കാൻ തുടങ്ങി. ഉച്ചത്തിൽ സംസാരിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ വാൾ വീശുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. ഏറെനേരം കഴിഞ്ഞതോടെ ആളുകൾ പോലീസിനെ വിവരമറിയിച്ചു. ഒരു യുവാവ് വാളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും വാഹനങ്ങൾ തടഞ്ഞതായുമാണ് പൊലീസിന് വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആയുധം താഴെയിടാൻ ഗുർപ്രീത് സിങ്ങിനോട് ആവശ്യപ്പെട്ടു. ഏറെ നേരം പോലീസ് നിർദേശം നൽകിയെങ്കിലും ഇയാൾ അഭ്യാസം തുടരുകയും ഒരു കുപ്പി വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ സ്വന്തം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിൽ വന്നിടിച്ചു. പൊപോലീസ് വാഹനം വളയാൻ ശ്രമം നടത്തിയതോടെ സിങ് ആയുധവുമായി കാറിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സിങ്ങിനെ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.