ന്യൂഡല്‍ഹി: ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ. മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കീവ് ആസ്ഥാനമായുള്ള ഓയില്‍ മാര്‍ക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടണ്‍ ഡീസല്‍ ഉക്രെയ്‌നിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
ജൂലൈയില്‍ മാത്രം ഇന്ത്യ 83,000 ടണ്‍ ഡീസല്‍ ഉക്രെയ്‌ന് നല്‍കി. 2024 ജൂലൈയില്‍ ഇന്ത്യയുടെ വിഹിതം വെറും 1.9 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ കുതിച്ചുചാട്ടം. 2025 ഏപ്രിലില്‍ ഉക്രെയ്‌ന്റെ ഡീസല്‍ ഇറക്കുമതിയുടെ 15.9 ശതമാനം ഇന്ത്യ നല്‍കിയിരുന്നു.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സാമ്പത്തിക സഹായമാവുന്നുവെന്ന് യു.എസ് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ സംസ്‌കരിക്കുന്ന അതേ ഇന്ത്യന്‍ റിഫൈനറികള്‍ തന്നെയാണ് ഇപ്പോള്‍ ഉക്രെയ്‌ന്റെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആവശ്യമായ ഇന്ധനം നല്‍കുന്നത്.