കാബൂൾ: അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 600 കടന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ പരിക്കേറ്റ് 1500ലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി ഗ്രാമങ്ങൾക്കാണ് ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.
യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് - വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം പ്രദേശത്തേക്ക് എത്തിപ്പെടുന്നതിൽ പ്രതിസന്ധിയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമാൻ പറഞ്ഞു. പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശത്തും ഭൂചലനം ഉണ്ടായി. 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരകണക്കിന് ആളുകളാണ് മരിച്ചത്.