ന്യൂഡല്‍ഹി: ബിഹാറില്‍ സെപ്റ്റംബര്‍ 30 ന് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞിട്ടാകും പുതിയ അപേക്ഷകള്‍ ഇനി സമര്‍പ്പിക്കാനുവക. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ ആക്ഷേപങ്ങള്‍ ബോധിപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.
ഒരു മാസത്തിനിടയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിങ്കളാഴ്ച രാവിലെ വരെ ലഭിച്ചത് 16,56,886 അപേക്ഷകളാണ്. ഏഴ് ദിവസത്തിനകമാണ് അപേക്ഷകളില്‍ തീര്‍പ്പാക്കേണ്ടത്. സിപിഐഎംഎല്‍ 15 ഉം ആര്‍ജെഡി 10 ഉം അപേക്ഷകള്‍ നല്‍കി.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കിട്ടാനായി നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച വോട്ടര്‍മാരുടെ എണ്ണം 36,475 ആണ്. 65 ലക്ഷംപേര്‍ കരടുപട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടപ്പോഴാണ് ഇവരില്‍ 36,475 പേരെ ഉള്‍പ്പെടുത്തിക്കിട്ടാനായി അപേക്ഷകള്‍ ലഭിച്ചതെന്നതാണ് ശ്രദ്ധേയം. 2,17,049 അയോഗ്യരെ ഒഴിവാക്കാനുള്ള അപേക്ഷകളും ലഭിച്ചു.
അതേസമയം ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കിയ ശേഷമാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.