സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ കോച്ചിങ് കേരളത്തില്‍ വ്യാപകം; കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്

സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ കോച്ചിങ് കേരളത്തില്‍ വ്യാപകം; കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ കോച്ചിങ് കേരളത്തില്‍ വ്യാപകമെന്ന് കേന്ദ്ര സര്‍വേ. സംസ്ഥാനത്ത് പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ 27.5 ശതമാനം വിദ്യാര്‍ഥികള്‍ ട്യൂഷന് പോകുന്നുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ പകുതിയിലേറെ പേരും ട്യൂഷന് പോകുന്നുവെന്നാണ് കണ്ടെത്തല്‍.

ഹയര്‍സെക്കന്‍ഡറിയില്‍ 41.6 ശതമാനം വിദ്യാര്‍ഥികള്‍ക്കും ട്യൂഷനുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ സമഗ്ര വിദ്യാഭ്യാസ സര്‍വേയിലേതാണ് കണക്കുകള്‍.
പൊതുപരീക്ഷയെഴുതേണ്ട സെക്കന്‍ഡറിതലത്തിലേക്കെത്തുമ്പോള്‍ ട്യൂഷന് പോകുന്നവരുടെ എണ്ണം കൂടുന്നതായും സര്‍വേ പറയുന്നു. മിഡില്‍ ക്ലാസുകളിലുള്ളവരില്‍ 27.5 ശതമാനം പേര്‍ക്ക് മാത്രമാണ് ട്യൂഷന്‍. എന്നാല്‍, അതിന്റെ ഇരട്ടി (54.2 ശതമാനം) വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറിയില്‍ ട്യൂഷനുണ്ട്.

ഇവരില്‍ ഗ്രാമീണ വിദ്യാര്‍ഥികളെക്കാള്‍ (50.3) നഗരമേഖലയിലെ വിദ്യാര്‍ഥികളാണ് (57.6) കോച്ചിങിന് പോകുന്നതിലേറെയും.
ഹയര്‍സെക്കന്‍ഡറിയില്‍ നഗരമേഖലയെക്കാള്‍ (38.1) കൂടുതല്‍ വിദ്യാര്‍ഥികള്‍ ഗ്രാമീണ മേഖലയില്‍ (45.5) കോച്ചിങ് സ്വീകരിക്കുന്നു. ഒന്നാം ക്ലാസിന് മുമ്പുള്ള പ്രീപ്രൈമറിതലത്തില്‍ കേരളത്തിലെ 3.7 ശതമാനം കുട്ടികള്‍ സ്വകാര്യ ട്യൂഷന്‍ നേടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.