പശ്ചിമ ആഫ്രിക്കയിലെ സിയേറാ ലിയോണില്‍ അക്രമി സംഘം കത്തോലിക്ക വൈദികനെ കൊലപ്പെടുത്തി

പശ്ചിമ ആഫ്രിക്കയിലെ  സിയേറാ ലിയോണില്‍ അക്രമി സംഘം കത്തോലിക്ക വൈദികനെ കൊലപ്പെടുത്തി

ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കയിലെ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ സിയേറാ ലിയോണില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മേഖലയുടെ തലസ്ഥാനമായ കെനിമയിലെ അമലോത്ഭവ ഇടവക വികാരി ഫാ. അഗസ്റ്റിന്‍ ദൗഡ അമാഡുവിനെയാണ് ആയുധങ്ങളുമായെത്തിയ ഒരു സംഘം അക്രമികള്‍ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 30 ന് പുലര്‍ച്ചെയാണ് സംഭവം.

ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വാധീനമുണ്ടായിരുന്ന വൈദികനാണ് ഫാ. അഗസ്റ്റിന്‍. കൊലപാതകത്തില്‍ പ്രാദേശിക സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ യുവജനങ്ങള്‍ക്കും ദുര്‍ബലരായ കുടുംബങ്ങള്‍ക്കും വേണ്ടി ഫാ. അഗസ്റ്റിന്‍ ദൗഡ സജീവമായി ഇടപെട്ടിരുന്നു.

അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ അദേഹം ശക്തമായി പ്രതികരിച്ചിരുന്നു. വൈദികന്റെ കൊലപാതകത്തില്‍ കെനിമ രൂപതാ നേതൃത്വം ദുഖം പ്രകടിപ്പിച്ചു. വിശ്വാസികള്‍ പ്രാര്‍ത്ഥനയിലും സമാധാനത്തിലും ഐക്യത്തോടെ തുടരണമെന്ന് മോണ്‍. ഹെന്റി അരുണ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥയ്ക്കിടയിലാണ് ക്രൂരമായ കൊലപാതകം. പ്രവിശ്യകളില്‍ സായുധ കൊള്ളകളും ആക്രമണങ്ങളും പതിവാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.