ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവൃത്തികള്‍, ചാരവൃത്തി, കൊലപാതകം, ഭീകരപ്രവര്‍ത്തനം, മനുഷ്യക്കടത്ത്, ബലാത്സംഗം, നിരോധിത ഭീകരസംഘടനയിലെ അംഗത്വം തുടങ്ങിയ സംഭവങ്ങളില്‍ കുറ്റം ചുമത്തപ്പെട്ട വിദേശികളെ ഇന്ത്യയില്‍ കടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച ഉത്തരവും വിദേശകാര്യ മന്ത്രാലയം ഇറക്കി.
അടുത്തിടെ കൊണ്ടു വന്ന 'കുടിയേറ്റവും വിദേശികളും സംബന്ധിച്ച നിയമ'പ്രകാരം, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും തടങ്കല്‍പ്പാളയങ്ങള്‍ സ്ഥാപിക്കണം. കുടിയേറ്റ നിയമ ലംഘനങ്ങള്‍ക്ക് അറസ്റ്റിലാകുന്ന വിദേശികളെ നാടുകടത്തും വരെ പാര്‍പ്പിക്കുന്നതിനാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഏതുതരം ഇന്ത്യന്‍ വിസയ്ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനും അപേക്ഷിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ അപേക്ഷാ വേളയില്‍ അധികൃതര്‍ക്ക് കൈമാറണം. അതിര്‍ത്തി രക്ഷാ സേനകളും തീര രക്ഷാ സേനയും അനധികൃത കുടിയേറ്റക്കാരെ പിടികൂടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണം. അതിനുശേഷം അവരെ തിരിച്ചയക്കുകയും ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട പോര്‍ട്ടലിലേക്ക് കൈമാറുകയും വേണം.
സാധുവായ വിസയുള്ള വിദേശിയാണെങ്കിലും സിവില്‍ അധികൃതരുടെ അനുമതിയില്ലാതെ ഊര്‍ജ, ജല വിതരണ മേഖലയിലെയും പെട്രോളിയം മേഖലയിലെയും സ്വകാര്യ സംരംഭങ്ങളില്‍ ജോലി സ്വീകരിക്കരുത്. ഇന്ത്യയില്‍ ചലച്ചിത്രമോ ഡോക്യുമെന്ററിയോ പ്രദര്‍ശനങ്ങളോ നടത്തണമെങ്കില്‍ വിദേശികള്‍ രേഖാമൂലം അനുമതി വാങ്ങണം.
പര്‍വതാരോഹണത്തിനും സംരക്ഷിത മേഖലയിലോ നിയന്ത്രിത മേഖലയിലോ കടക്കുന്നതിനും താമസിക്കുന്നതിനും ഇതാവശ്യമാണ്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെ നിയന്ത്രിത മേഖലകളില്‍ കടത്തില്ല. ഇന്ത്യയിലേക്കു പ്രവേശനം നിരോധിച്ചിട്ടുള്ള വിദേശികളുടെ പട്ടിക ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കാലാകാലം പുതുക്കി സൂക്ഷിക്കും.