തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ കേസിലെ മൂന്നാം കക്ഷികളാണ്. കേസില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല.
സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ശല്യം ചെയ്യുക, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.
അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പരാതി നല്‍കിയവരുടെ മൊഴിയെടുക്കല്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത അന്വേഷണ സംഘം പരിശോധിക്കും. ശേഷം ഈ ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തി അവരുടെ മൊഴിയെടുക്കും.
അതേസമയം, ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. എന്നാല്‍ മണ്ഡലത്തില്‍ എത്തുന്ന രാഹുലിന് സുരക്ഷ ഒരുക്കുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.