ടെല്‍ അവീവ്: തെക്കന്‍ ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തിലേക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ഡ്രോണ്‍ പതിച്ചതോടെ വിമാനത്താവളത്തിന്റെ പരിധിയിലുള്ള വ്യോമാതിര്‍ത്തി അടച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
യമനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തില്‍ ഡ്രോണ്‍ പതിച്ചത്. അതേസമയം തന്ത്രപ്രധാന മേഖലയില്‍ ആക്രമണ മുന്നറിയിപ്പ് ലഭ്യമാകുന്ന സൈറണുകള്‍ മുഴങ്ങാത്തത് ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൈറണുകള്‍ മുഴങ്ങിയില്ലെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
യമനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഐഡിഎഫ് അറിയിച്ചു.