യു.എസ് തീരുവ: ആഘാതമേല്‍ക്കുന്ന മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

യു.എസ് തീരുവ: ആഘാതമേല്‍ക്കുന്ന മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: യു.എസിന്റെ 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം അനുഭവിക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കാന്‍ സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരും. അതിനുള്ള നടപടികളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. തീരുവ വിവിധ മേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 27 നാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തില്‍ വരുത്തിയത്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതിത്തീരുവ 50 ശതമാനമായി. തുന്നിയ വസ്ത്രം, തുണിത്തരങ്ങള്‍, ആഭരണം, ചെമ്മീന്‍, തുകല്‍, ചെരിപ്പ്, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കയറ്റുമതിക്കാരോട് തീരുവയുടെ ആഘാതത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം യുഎസിലേക്കായിരുന്നു. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. അതിനിടെ, ചരക്ക്-സേവന നികുതി (ജിഎസ്ടി) കുറയ്ക്കല്‍ പ്രാവര്‍ത്തികമാക്കുന്നത് താന്‍ നേരിട്ട് നിരീക്ഷിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.