നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; അജ്ഞാതനായി വ്യാപക തിരച്ചില്‍

നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; അജ്ഞാതനായി വ്യാപക തിരച്ചില്‍

മുംബൈ: കൊളാബയിലെ നേവി റസിഡന്‍ഷ്യല്‍ ഏരിയയില്‍ നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു. ഇന്‍സാസ് റൈഫിളും 40 തിരകളുമായാണ് അജ്ഞാതന്‍ കടന്നുകളഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രവേശനത്തിന് നിയന്ത്രണമുള്ള മേഖലയില്‍ കടന്ന അജ്ഞാതന്‍, കാവല്‍ ജോലിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാകുകയായിരുന്നു. പകരം ജോലിക്കായി നിയോഗിച്ചതാണെന്ന് അറിയിച്ചാണ് ഇയാള്‍ കാവല്‍ നിന്നിരുന്ന നാവികനെ കബളിപ്പിച്ചത്.

ഇതു വിശ്വസിച്ച ജൂനിയര്‍ നാവികന്‍ തോക്കും തിരകളും കൈമാറി. പിന്നീട് ഇയാളെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. ആള്‍മാറാട്ടം നടത്തി ആയുധം കവര്‍ന്നയാളെ കണ്ടെത്താനായി നാവിക സേനയും മുംബൈ പൊലീസും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കഫെ പരേഡ് പൊലീസ് മോഷണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ, എടിഎസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

മാത്രമല്ല ആയുധങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസുമായി ഏകോപിപ്പിച്ച് വിപുലമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും മോഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ ഒരു അന്വേഷണ ബോര്‍ഡിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.