കാഠ്മണ്ഡു: നേപ്പാളിലെ സാമൂഹിക മാധ്യമ നിരോധനത്തെ തുടര്‍ന്നുള്ള ജെന്‍ സി കലാപത്തില്‍ കേരളത്തില്‍ നിന്നെത്തിയ മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല്‍പതോളം വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിന് അടുത്തുള്ള ഗോസാല എന്ന സ്ഥലത്ത് കുടുങ്ങിയത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ താമസ സൗകര്യങ്ങളോ ലഭിക്കുന്നില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഇന്ത്യയില്‍ നിന്ന് വിമാന മാര്‍ഗം നേപ്പാളിലെത്തിയത്. അപ്പോഴേക്കും സംഘര്‍ഷം വലിയ തോതില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ യാത്രാ സൗകര്യങ്ങള്‍ പോലുമില്ലാതെ തെരുവില്‍ കുടുങ്ങിയിരിക്കുകയാണിവര്‍. കോഴിക്കോട് നിന്നുള്ള ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം നേപ്പാളിലെത്തിയത്.
പൊലീസ് സ്റ്റേഷനുകളൊക്കെ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ സഹായത്തിനായി എവിടേക്കും പോകാനാകാത്ത സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്. പ്രായമായവരും യാത്രാ സംഘത്തിലുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിരിക്കുകയാണ്. തിരികെ വരാനുള്ള മറ്റ് വഴികളും അടഞ്ഞു.