ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

തമിഴ്നാട്ടില്‍ നിന്ന് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാധാകൃഷ്ണന്‍. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ അദേഹം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി. സുദര്‍ശന്‍ റെഡിയ്ക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതില്‍ 15 വോട്ടുകള്‍ അസാധുവായി.



എന്‍ഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആര്‍സിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. മാത്രമല്ല പ്രതിപക്ഷത്ത് നിന്ന് ചോര്‍ന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു.

ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. തിരുപ്പുര്‍ സ്വദേശിയായ സി.പി രാധാകൃഷ്ണന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായി തുടങ്ങി ജനസംഘില്‍ എത്തി.

1980 ല്‍ ബിജെപി രൂപീകരിച്ച ശേഷം തമിഴ്നാട്ടില്‍ പല സംഘടനാ പദവികളും വഹിച്ചു. 1998 ല്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്സഭയിലെത്തി. ജാര്‍ഖണ്ഡ്, തെലങ്കാന ഗവര്‍ണര്‍, പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ പദവികളും വഹിച്ചിട്ടുണ്ട്. 2024 ജൂലൈയില്‍ മഹാരാഷ്ട്ര ഗവര്‍ണറായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.