മണിപ്പൂരില്‍ കനത്ത മഴ തുടരുന്നു: പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി

മണിപ്പൂരില്‍ കനത്ത മഴ തുടരുന്നു: പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി

ഇംഫാല്‍: മണിപ്പൂരില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി. മിസോറമിലെ ഐസോളില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ യാത്രയാണ് റദ്ദാക്കിയത്. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കനത്ത മഴ തുടരുകയാണ്. ഐസോളില്‍ നിന്ന് മോഡി വിമാന മാര്‍ഗമാണ് ഇംഫാലില്‍ എത്തിയത്.

ഇംഫാല്‍ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയലും മോഡിയെ സ്വീകരിച്ചു. ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിലേക്ക് മോഡി പോകുന്നത്. സംഘര്‍ഷം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോഡി മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി കുക്കി-മെയ്‌തേയ് വിഭാഗങ്ങളെ സന്ദര്‍ശിക്കും. നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനവും ചെയ്തു.

കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂര്‍ ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഘര്‍ഷ സമയത്ത് പ്രതിപക്ഷം ഉള്‍പ്പടെ പലതവണ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇപ്പോള്‍ മിസോറാമിലെ പുതിയ റെയില്‍ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപ്പൂരും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. പദ്ധതികളില്‍ ഇംഫാലില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ മണിപ്പൂര്‍ പൊലീസ് ആസ്ഥാനവും 538 കോടി രൂപ ചെലവില്‍ നിര്‍മിച്ച സിവില്‍ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പ്രഹസനമാണെമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പരിക്കേറ്റ ഒരു ജനതയോടുള്ള കടുത്ത അപമാനമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരില്‍ നടത്തുന്ന റോഡ്ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേട്ട് രക്ഷപ്പെടാനുള്ള ഭീരുത്വമാണ്. നിങ്ങളുടെ ഇരട്ട എഞ്ചിന്‍ മണിപ്പൂരിലെ നിഷ്‌കളങ്ക ജീവിതങ്ങളെ തകര്‍ത്തുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

സംഘര്‍ഷം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചൊഴിയുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.