തിരുവനന്തപുരം: ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖവാരിക കേസരി. ക്രൈസ്തവ രാജ്യം സ്ഥാപിക്കാന്‍ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഇ.എസ് ബിജു എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നത്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുള്ള ലേഖനത്തിലാണ് ക്രൈസ്തവ സഭക്കും സഭാ നേതൃത്വത്തിനുമെതിരായ കടുത്ത ആരോപണങ്ങളും വിമര്‍ശനങ്ങളും. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവര്‍ത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നതെന്നാണ് വിമര്‍ശനം.
ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ എന്ന പേരിലാണ് ലേഖനം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് അവിടുത്തെ നിയമ പ്രകാരമെന്ന് വാദിക്കുന്ന ലേഖനത്തില്‍ അറസ്റ്റ് ന്യൂനപക്ഷ പീഡനമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങി ഭൂരിപക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്നും ആരോപിക്കുന്നു.
മാത്രമല്ല, ക്രൈസ്തവര്‍ മത സംഘര്‍ഷത്തിന് ശ്രമിക്കുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് മറ്റൊരു വിമര്‍ശനം. ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോഴും സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിലും സഭാ നേതൃത്വം പ്രതിഷേധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കും ഹിന്ദു ഐക്യവേദിക്കും നേരത്തെയും രണ്ട് നിലപാടായിരുന്നു. അതിവേഗം മോചനത്തിനായി ബിജെപി ഇടപെട്ടപ്പോള്‍ അത്ര ആവേശം എന്തിനെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ നിലപാട്. അതിന്റെ തുടര്‍ച്ചയായാണ് ലേഖനം.
സഭാനേതൃത്വത്തെ ഒപ്പം നിര്‍ത്താന്‍ രാജീവ് ചന്ദ്രശേഖറിന്‍ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക ഔട്ട് റീച്ച് യോഗം വരെ നടത്തിയിരുന്നു. ഭൂരിപക്ഷ സമുദായത്തെക്കാള്‍ ബിജപി നേതൃത്വം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍ക്കുന്നുണ്ടെന്ന വിമര്‍ശനം ഹിന്ദു ഐക്യവേദി ഉന്നയിക്കുന്നുണ്ട്.