ഇംഫാല്‍: മണിപ്പൂരിലെ ആദിവാസികള്‍ക്ക് പ്രത്യേക ഭരണ സംവിധാനമോ, കേന്ദ്ര ഭരണ പ്രദേശമോ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.
സംസ്ഥാനത്തെ കുക്കി-സോ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരാണ് ഇത്തരം ഒരു അഭ്യര്‍ഥന മുന്നോട്ട് വച്ചത്. എംഎല്‍മാരില്‍ ഏഴ് പേര്‍ ബിജെപി അംഗങ്ങളുമാണ്.
വംശീയ കലാപം അരങ്ങേറിയ രണ്ടേകാല്‍ വര്‍ഷത്തിനിടെ ആദ്യമായി സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിലാണ് ജന പ്രതിനിധികള്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
ഭൂരിപക്ഷ സമുദായം ന്യൂനപക്ഷ സമൂഹത്തിന് മേല്‍ ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ വംശീയ ആക്രമണം നടത്തിയ സംഭവമാണ് മണിപ്പൂരില്‍ അരങ്ങേറിയത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് കഴിയുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.
നല്ല അയര്‍ക്കാരായാല്‍ സമാധാനത്തോടെ കഴിയാമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'മണിപ്പൂരിലെ ചില പ്രദേശങ്ങളില്‍ നിന്നും ഞങ്ങളുടെ ജനങ്ങളെ പൂര്‍ണമായും കുടിയിറക്കി. പലരും അപമാനിക്കപ്പെട്ടു, ആക്രമിക്കപ്പെട്ടു, ബലാത്സംഗം ചെയ്യപ്പെട്ടു, ശാരീരികമായും മാനസികമായും പീഡനങ്ങള്‍ ഏറ്റുവാങ്ങി. ഭൂരിപക്ഷ സമുദായം ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ ന്യൂനപക്ഷ സമൂഹത്തിന് മേല്‍ നടത്തുന്ന സമാനതകളില്ലാത്ത വംശീയ പീഡനമാണിത്.
ഇനി ഒരിക്കലും ഞങ്ങള്‍ക്ക് ഒന്നിച്ച് കഴിയാനാകില്ല. ഞങ്ങളുടെ ജനങ്ങളുടെ വേദനയും ആവശ്യങ്ങളും തിരിച്ചറിയണം. നിയമസഭയോടു കൂടിയ ഒരു പ്രത്യേക കേന്ദ്ര ഭരണ പ്രദേശം എന്ന ആവശ്യം പരിഗണിക്കണം. ഇതിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കണം. മണിപ്പൂരിന്റെ ശാശ്വത സമാധാനവും ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു' - നിവേദനത്തില്‍ കുക്കി എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.