ഭിന്നശേഷി അധ്യാപക സംവരണം: ക്രൈസ്തവ മാനേജ്‌മെന്റുകളോട് വിവേചനം; 26 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

ഭിന്നശേഷി അധ്യാപക സംവരണം: ക്രൈസ്തവ മാനേജ്‌മെന്റുകളോട് വിവേചനം; 26 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ വിവേചനം. ഇതിനെതിരെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. 26 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

എയ്ഡഡ് സ്‌ക്കൂളുകളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ നാല് ശതമാനം ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ഇതോടെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപകരെ മുഴുവന്‍ നിയമിച്ച ശേഷമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കൂ എന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നിയമനത്തിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും യോഗ്യതയുള്ളവരെ ലഭ്യമാകുന്നില്ലെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.

കത്തോലിക്ക സഭയുടെ കീഴിലുള്ള സ്‌ക്കൂളുകളില്‍ അധ്യാപക - അനധ്യാപക തസ്തികകളിലായി 6600 പേരെയാണ് വേണ്ടത്. എന്നാല്‍ യോഗ്യതയുള്ളത് 1100 പേര്‍ക്ക് മാത്രം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍.എസ്.എസ് മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചു.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റി വച്ചശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റു മാനേജ്‌മെന്റുകളിലെ അധ്യാപകരുടെ നിയമനം പരിഗണിക്കാനും നിര്‍ദേശിച്ചു. കെസിബിസിയുടെ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം ഹൈക്കോടതിയെ സമീപിച്ച് ഏപ്രില്‍ ഏഴിന് സമാനമായ വിധി നേടി.

കത്തോലിക്ക സഭയുടെ മാനേജ്‌മെന്റിന് കീഴിലുള്ള നിയമനങ്ങള്‍ നിരസിച്ചുകൊണ്ട് ജൂലൈ 31 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത് കടുത്ത വിവേചനമാണെന്നാണ് സഭയുടെ ആരോപണം. ഏഴ് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം അധ്യാപക തസ്തികകളാണ് സര്‍ക്കാര്‍ അംഗീകരിക്കേണ്ടത്.

അംഗീകാരം ലഭിക്കാത്തതിനാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇവര്‍ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ ദിവസ വേതനം മാത്രമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ സമീപനത്തിനെതിരെം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.