ഇന്ത്യ - റഷ്യ ബന്ധം പരസ്പര വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ; തകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം പരാജയപ്പെടുമെന്ന് റഷ്യ

ഇന്ത്യ - റഷ്യ ബന്ധം പരസ്പര വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ; തകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം പരാജയപ്പെടുമെന്ന് റഷ്യ

മോസ്കോ: ഇന്ത്യയുമായുള്ള ബന്ധത്തെ പുകഴ്ത്തി റഷ്യ. ശക്തവും വിശ്വസനീയവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞ റഷ്യ ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങളെ അവഗണിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾക്കിടയിലും ഇന്ത്യയുടെ നിലപാട് റഷ്യ - ഇന്ത്യ സൗഹൃദത്തിൻ്റെ തെളിവാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിനുള്ള അംഗീകാരമാണിതെന്നും റഷ്യ പറയുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഇവിടെ മുൻഗണന നൽകുന്നു. അതുകൊണ്ട് തന്നെ ഈ ബന്ധം പ്രവചനാതീതവും തന്ത്രപരവുമാണെന്ന് റഷ്യ വിലയിരുത്തുന്നു.

ഇരു രാജ്യങ്ങളും സൈനിക, ആണവ, ബഹിരാകാശ രംഗത്ത് സഹകരിക്കുന്നുണ്ട്. റഷ്യയുടെ എണ്ണ പര്യവേക്ഷണ പദ്ധതികളിൽ ഇന്ത്യയുടെ നിക്ഷേപവുമുണ്ട്. ഇന്ത്യയും റഷ്യയും തങ്ങളുടെ കറൻസികൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് മുൻഗണന നൽകുന്നു. ഗതാഗതത്തിനും ചരക്കുനീക്കത്തിനും പുതിയ വഴികൾ കണ്ടെത്താനും ശ്രമിക്കുന്നു. ഇത് ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള താൽക്കാലിക നടപടിയല്ലെന്നും ദീർഘകാലത്തേക്കുള്ള സഹകരണമാണെന്നും റഷ്യ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.