തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കാര്യക്ഷമത സംബന്ധിച്ച് നിയസഭാ ചോദ്യോത്തര വേളയില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് പോര്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ 15 കോടി രൂപയുടെ ഉപകരണം മാത്രമാണ് നല്‍കിയത്. 41 കോടി 84 ലക്ഷം കോടി രൂപ ഉപകരണങ്ങള്‍ സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്‍കിയെന്നും ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചേ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ പറ്റൂ എന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് കേരളത്തിലെ ആളുകള്‍ക്ക് 7,708 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. 24 ലക്ഷത്തോളം ആളുകള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാള് പോലും രോഗത്തിന് മുമ്പില്‍ നിസഹായരായി പോകാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍ ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സ്വകാര്യ മേഖലയ്ക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണോ സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ആരോഗ്യമന്ത്രി അബദ്ധം പറയരുതെന്നും മേധാവിമാര്‍ വരെ പരാതി പറയുന്ന ഗുരുതരമായ വിഷയം ആരോഗ്യ വകുപ്പില്‍ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 10 വര്‍ഷം മുന്‍പത്തെ കണക്കാണോ ഇവിടത്തെ ചോദ്യമെന്നും വി.ഡി സതീശന്‍ ചോദിച്ചു.
10 വര്‍ഷം കൊണ്ട് സിസ്റ്റത്തിന്റെ തകരാര്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് എ.പി അനില്‍ കുമാര്‍ സഭയില്‍ ചോദിച്ചു. താന്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കേണ്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്നും പ്രതിപക്ഷം പരിഹസിച്ചു.