മിൻസ്ക് : രാഷ്ട്രീയ തടവുകാരുടെ കൂട്ടത്തിലുണ്ടായിരുന്ന കത്തോലിക്കാ പത്രപ്രവർത്തകനും ബ്ലോഗറുമായ ഇഹാർ ലോസിക് അഞ്ചു വർഷം നീണ്ട തടവിന് ശേഷം മോചിതനായി. സുരക്ഷ കണക്കിലെടുത്ത് അദേഹത്തെ ലിത്വാനിയയിലേക്ക് മാറ്റി.
2020-ലെ ബെലാറുസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണിലാണ് ലോസിക്കിനെ അറസ്റ്റ് ചെയ്തത്. വംശീയ കലഹം പ്രേരിപ്പിക്കൽ, പൊതു നിയമലംഘനത്തിന് ആഹ്വാനം, കലാപം സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 15 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
തടവിൽ കഴിയുന്ന കാലത്ത് ലോസിക് കഠിനമായ മാനസിക - ശാരീരിക പീഡനങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ദീർഘകാലം ഒറ്റപ്പെട്ട തടങ്കലിലും കുടുംബവുമായി ബന്ധം വിച്ഛേദിച്ച അവസ്ഥയിലുമായിരുന്നു. 2021-ൽ ബെലാറുസിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലാസിക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തും എഴുതിയിരുന്നു. “ജനങ്ങളുടെ സ്വാതന്ത്ര്യം ദൈവം തന്ന അവകാശമാണ്. നമ്മുടെ ശബ്ദം ലോകം കേൾക്കട്ടെ” എന്നാണ് കത്തിൽ അദേഹം എഴുതിയത്.
അടുത്തിടെ അമേരിക്കയും ബെലാറുസും തമ്മിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് പിന്നാലെയാണ് ലോസിക്കിനെയും മറ്റ് 52 രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചത്. മകളെ അവസാനമായി കണ്ടിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞതിനാൽ മോചനത്തിനു ശേഷം കുടുംബവുമായി വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ലോസിക്.
ലോസിക്കിന്റെ മോചനം ഒരു വ്യക്തിയുടെ ജയിലിൽ നിന്നുള്ള രക്ഷ മാത്രമല്ല, ബെലാറുസിലെ മാധ്യമ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നടക്കുന്ന പോരാട്ടത്തിന്റെ ശക്തമായ സന്ദേശമാണ്.
കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചു നിന്ന ലോസിക് തടവിൽ കഴിയുന്നതിനിടയിലും പ്രാർത്ഥനയും ആത്മവിശ്വാസവും നഷ്ടപ്പെടാതെ നിലകൊണ്ടു. ഭാവിയിൽ ബെലാറുസിലെ ജനാധിപത്യത്തിനു വേണ്ടി തന്റെ ശബ്ദം കൂടുതൽ ശക്തമായി ഉയർത്താൻ തന്നെയാണ് ലോസിക്കിന്റെ ആലോചനയെന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.