തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. എരുമപ്പെട്ടി-കുന്നംകുളം പൊലീസ് സ്റ്റേഷനുകളിലാണ് കേസ്. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ആയുധമാക്കി. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം ഓര്‍മ്മിപ്പിച്ചത് റോജി എം. ജോണാണ്.
സുജിത്തും വര്‍ഗിസും നിയമ പോരാട്ടം നടത്തിയെന്നും ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷം ചോദിച്ചു. സ്ഥലം മാറ്റം എന്നത് പണിഷ്മെന്റ് ആണോ. ക്രൂരമായ മര്‍ദനത്തിന്റെ വീഡിയോ കേരളം കണ്ടതിന്റെ ജാള്യത മറക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും റോജി എം. ജോണ്‍ പറഞ്ഞു.