'ചോദ്യം പിണറായിയുടെ കാലത്തെ പൊലീസ് ക്രൂരതയെപ്പറ്റി, മറുപടി 1920 മുതലുള്ള കഥകള്‍; കുറ്റക്കാരെ പിരിച്ചു വിടണം': നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം

'ചോദ്യം പിണറായിയുടെ കാലത്തെ പൊലീസ് ക്രൂരതയെപ്പറ്റി, മറുപടി 1920 മുതലുള്ള കഥകള്‍; കുറ്റക്കാരെ പിരിച്ചു വിടണം': നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷന്‍ കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം. എംഎല്‍എമാരായ ടി.ജെ സനീഷ് കുമാര്‍ ജോസഫും എംകെഎം അഷ്റഫുമാണ് സത്യഗ്രഹം ഇരിക്കുന്നത്.

സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നതു വരെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കുന്നംകുളത്തെ പൊലീസ് മര്‍ദനം ഉള്‍പ്പടെ, വിവിധ ജില്ലകളില്‍ പൊലീസ് കസ്റ്റഡികളില്‍ നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടു വന്നത്.

എന്നാല്‍ ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1920 മുതലുള്ള കഥകളാണെന്നും സതീശന്‍ പറഞ്ഞു. നൂറുകണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിന് ഈ സംഭവം പുറത്തു വന്നിട്ട് ഇന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ അദേഹം ദീര്‍ഘമായ പ്രസംഗം നടത്തി. പിണാറായി സര്‍ക്കാരിന്റെ കാലത്തെ പൊലീസ് കൊടും ക്രൂരതകളെ പറ്റി പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ല. 1920 മുതലുള്ള കഥകളാണ് മറുപടിയായി പറഞ്ഞത്. കുന്നംകുളത്തെ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പീച്ചിയിലെ കേസില്‍ ആരോപണ വിധേയനായ ആള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാര്‍ക്കെതിരെ പോലും ഒരു നടപടിയും എടുക്കില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടുന്നതവരെ ജനകീയ സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും പിണറായി വിജയന്റെ സെല്‍ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.