ഗാസ: ഗാസയില്‍ കരയുദ്ധത്തിന് തുടക്കം കുറിച്ച് ഇസ്രയേല്‍. നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാനാണ് കരസേനയുടെ നീക്കം. ഇതിനായി ബോംബാക്രമണവും ശക്തമാക്കിയിട്ടുണ്ട്.
ഗാസയില്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ തുടങ്ങിയതായി ഇസ്രയേല്‍ സേന ഔദ്യോഗികമായി അറിയിച്ചു. ഇന്നു മാത്രം അറുപതിലേറെ പാലസ്തീന്‍ പൗരന്‍മാര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയില്‍ നിന്ന് പാലസ്തീനികള്‍ കൂട്ടപ്പലായനം തുടരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂര്‍ണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള ഒരു മാപ്പ് ഇസ്രയേല്‍ സേന എക്‌സില്‍ പങ്കുവെച്ചിരുന്നു.
തങ്ങള്‍ കരയുദ്ധം ആരംഭിച്ചുവെന്ന് സേന തന്നെയാണ് ഇപ്പോള്‍ എക്‌സില്‍ കൂടി മാപ്പ് പങ്കു വെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രയേല്‍ സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു.
ഇസ്രയേലില്‍ കടന്നുകയറി വംശഹത്യയ്ക്ക് ശ്രമിച്ച പാര്‍ട്ടിയാണ് ഹമാസ്. 1,200 പേരെയാണ് കൊന്നൊടുക്കിയത്. നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് ഹമാസെന്നും ഇസ്രയേല്‍ പറഞ്ഞു.