പീച്ചി പൊലീസ് മര്‍ദ്ദനത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം നടപടി; കടവന്ത്ര എസ്എച്ച്ഒ പി.എം രതീഷിന് സസ്പെന്‍ഷന്‍

പീച്ചി പൊലീസ് മര്‍ദ്ദനത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം നടപടി; കടവന്ത്ര എസ്എച്ച്ഒ പി.എം രതീഷിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഹോട്ടലുടമയെയും ജീവനക്കാരനെയും പീച്ചി പൊലീസ് അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ പി.എം രതീഷിനെ ദക്ഷിണ മേഖല ഐജി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ എറണാകുളം കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.

നിലവില്‍ കടവന്ത്ര എസ്എച്ച്ഒ ആയ രതീഷിന് ഹോട്ടലുടമയെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നല്‍കിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂര്‍ അഡീഷണല്‍ എസ്പിയുടെ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ രണ്ട് വര്‍ഷം പൂഴ്ത്തി വയ്ക്കുകയായിരുന്നു.

2023 മെയ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടലുടമ കെ.പി ഔസേപ്പിനേയും മകനേയും ഹോട്ടല്‍ ജീവനക്കാരനെയുമാണ് എസ്‌ഐ മര്‍ദ്ദിച്ചത്.

പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും ബന്ധുവും നല്‍കിയ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദ്ദനം. ഹോട്ടലിലെ ബിരിയാണിയുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പരാതിയായി സ്റ്റേഷനിലെത്തിയത്.

എന്നാല്‍ ഇതിനിടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ പരാതിക്കാരെ തടഞ്ഞു വയ്ക്കുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തു വന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ഇതിനിടെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായതായും ഔസേപ്പ് ആരോപിച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഔസേപ്പിന് കസ്റ്റഡി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ഇതിനിടയില്‍ രതീഷ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൃശൂര്‍ അഡീഷണല്‍ എസ്പിയായിരുന്ന ശശിധരന്‍ കഴിഞ്ഞ വര്‍ഷം തന്നെ രതീഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി കെ. സേതുരാമന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു നടപടിയും എടുത്തിരുന്നില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.