ഇരുനൂറിലധികം വെടിയുണ്ടകള്‍ ഉള്‍പ്പെടെ മലപ്പുറത്ത് വന്‍ ആയുധ ശേഖരം പിടികൂടി; ഭാര്യ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതി ഉണ്ണിക്കമ്മദ്

ഇരുനൂറിലധികം വെടിയുണ്ടകള്‍ ഉള്‍പ്പെടെ മലപ്പുറത്ത് വന്‍ ആയുധ ശേഖരം പിടികൂടി; ഭാര്യ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതി ഉണ്ണിക്കമ്മദ്

മഞ്ചേരി: മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. 67 കാരനായ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പൊലീസിന്റെ പരിശോധന. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സുകളും കണ്ടെത്തി. എടവണ്ണ- അരിക്കോട് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പാലക്കാട് കഴിഞ്ഞ ദിവസം വെടിയുണ്ടയുമായി യുവാക്കള്‍ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഉണ്ണിക്കമ്മദിലേക്ക് എത്തിയത്. ഗള്‍ഫിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

രണ്ട് തോക്കുകള്‍ കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ടെന്നാണ് വിവരം. ഇതിന്റെ മറവിലാണ് വന്‍തോതില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. വില്‍പനയായിരുന്നു ലക്ഷ്യമെന്നാണ് നിഗമനം. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെടുത്തത്.

ഭാര്യ പിതാവ് എയര്‍ ഗണ്‍ റിപ്പയര്‍ ചെയ്യുന്ന ആളായിരുന്നുവെന്നും ആ ബിസിനസ് താന്‍ നടത്തുകയാണെന്നുമുള്ള വിശ്വാസ യോഗ്യമല്ലാത്ത മൊഴികളാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയത്. ഇത്രയധികം ആയുധങ്ങള്‍ എവിടെ നിന്നും ലഭിച്ചു എന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ക്കായി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.