ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമാക്കാന്‍ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്ന് നടപ്പാക്കിയ സുപ്രധാന മാറ്റങ്ങള്‍ വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രയോഗത്തില്‍ വരുത്തുക.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന മാറ്റം ഇവയൊക്കെയാണ്.
ഇവിഎം ബാലറ്റുകള്‍ എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ അക്ഷരത്തിലായിരിക്കും ഇനി മുതല്‍ ഉണ്ടാകുക. മാത്രമല്ല ബാലറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ലഘു വിവരങ്ങളും നല്‍കും. വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോയും ഉണ്ടായിരിക്കും. ആകെ ചിത്രത്തിന്റെ നാലില്‍ മൂന്ന് ഭാഗവും സ്ഥാനാര്‍ത്ഥിയുടെ മുഖം മനസിലാകത്തക്ക വിധം നല്‍കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും നോട്ട ഉള്‍പ്പെടെയുള്ള ഭാഗങ്ങളും വായനയ്ക്ക് എളുപ്പത്തിനായി ഒരേ ഫോണ്ടിലും വലിപ്പത്തിലും ആയിരിക്കും. ഇന്നുവരെ ഉപയോഗിച്ച തരത്തിലുള്ള തരം കടലാസിലാകില്ല അല്‍പം കൂടി കട്ടിയേറിയ കടലാസിലാകും അച്ചടി.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രീതി പരീക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. ആറ് മാസത്തോളമായി നടന്ന് വരുന്ന ഇലക്ഷന്‍ പ്രക്രിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണിതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കി.