ട്രക്ക് പരിശോധിക്കാന്‍ എത്തിയ രണ്ട് ഇസ്രയേലി സൈനികരെ ജോര്‍ദാന്‍കാരനായ ഡ്രൈവര്‍ കുത്തിക്കൊന്നു; ഹമാസ് ആക്രമണത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടു

ട്രക്ക് പരിശോധിക്കാന്‍ എത്തിയ രണ്ട് ഇസ്രയേലി സൈനികരെ ജോര്‍ദാന്‍കാരനായ ഡ്രൈവര്‍ കുത്തിക്കൊന്നു; ഹമാസ് ആക്രമണത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടു

ജോര്‍ദാന്‍കാരനായ ട്രക്ക് ഡ്രൈവര്‍ കുത്തി കൊലപ്പെടുത്തിയ ഇസ്രയേലി സൈനികര്‍.

വെസ്റ്റ്ബാങ്ക്: ജോര്‍ദാന്‍ പൗരനായ ട്രക്ക് ഡ്രൈവര്‍ രണ്ട് ഇസ്രയേല്‍ സൈനികരെ കുത്തിക്കൊന്നു. ഗാസയിലേക്കുള്ള സഹായ ട്രക്ക് പരിശോധിക്കാന്‍ എത്തിയ ലെഫ്റ്റനന്റ് കേണല്‍ യിത്സാക് ഹരോഷ് (58), സര്‍ജന്റ് ഒറാന്‍ ഹെര്‍ഷ്‌കോ (20) എന്നീ സൈനികരെയാണ് ജോര്‍ദാന്‍-വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍ ട്രക്ക് ഡ്രൈവര്‍ അബ്ദുല്‍ മുത്തലിബ് അല്‍-ഖൈസി (57)കൊലപ്പെടുത്തിയത്. ഇദേഹത്തെ ഇസ്രയേല്‍ സേന സംഭവ സ്ഥലത്ത് തന്നെ കൊലപ്പെടുത്തി.

പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ട്രക്ക് പരിശോധിക്കാന്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനിടെ അബ്ദുല്‍ മുത്തലിബ് അല്‍-ഖൈസി കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ട്രക്കില്‍ നിന്ന് ഇറങ്ങി വെടിവെപ്പ് തുടര്‍ന്നെങ്കിലും തോക്ക് കേടായി.

പിന്നാലെ കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണ് ലെഫ്റ്റനന്റ് കേണല്‍ യിത്സാക് ഹരോഷും സര്‍ജന്റ് ഒറാന്‍ ഹെര്‍ഷ്‌കോയും കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖൈസിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.


ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി സൈനികര്‍.

ഉടന്‍ തന്നെ ഇസ്രയേല്‍ സൈന്യം സ്ഥലത്ത് വ്യാപക തിരച്ചില്‍ നടത്തുകയും വെസ്റ്റ് ബാങ്ക് പട്ടണമായ ജെറീക്കോ വളയുകയും ചെയ്തു. സംഭവം നടന്ന ജോര്‍ദാന്‍-വെസ്റ്റ് ബാങ്ക് അതിര്‍ത്തി പ്രദേശമായ അലന്‍ബി ക്രോസിങ് വഴി ഗസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തി വെക്കാന്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ആവശ്യപ്പെട്ടു.

അലന്‍ബി ക്രോസിങിലെ സംഭവം നിരീക്ഷിച്ചു വരികയാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി പറഞ്ഞു. 2024 സെപ്റ്റംബറിലും സമാനമായ ആക്രമണം നടന്നിരുന്നു. ജോര്‍ദാന്‍ സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇസ്രായേലി പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.

അതിനിടെ, തെക്കന്‍ ഗസയിലെ റഫയില്‍ ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

മേജര്‍ ഒമ്രി ചായ് ബെന്‍ മോഷെ (26), ലെഫ്റ്റനന്റ് എറാന്‍ ഷെലെം (23), ലെഫ്റ്റനന്റ് ഈതന്‍ അവ്നര്‍ ബെന്‍ ഇറ്റ്ഷാക്ക് (22), ലെഫ്റ്റനന്റ് റോണ്‍ ഏരിയലി (20) എന്നിവരെയാണ് വധിച്ചത്. ബെന്‍ മോഷെ കമ്പനി കമാന്‍ഡറും മറ്റ് മൂന്ന് പേര്‍ കേഡറ്റുകളുമായിരുന്നു. രാവിലെ 9.30 ന് ഇവര്‍ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് പോരാളികള്‍ ആക്രമിക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.