ന്യൂഡല്‍ഹി: മയക്കുമരുന്നു കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ഇന്ത്യന്‍ ബിസിനസുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി അമേരിക്ക വിസ നല്‍കില്ല. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
മയക്കുമരുന്നിന്റെ നിയമവിരുദ്ധ ഉല്‍പാദനത്തിലും കടത്തലിലും വ്യക്തികള്‍ക്കു പുറമെ അതുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി. ലോകം നേരിടുന്ന പൊതുവായ ഒരു വെല്ലുവിളിയാണിതെന്നും ഇതിനെ ഒരുമിച്ച് നിന്ന് ചെറുക്കണമെന്നും എംബസി അറിയിച്ചു.
അമേരിക്കയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നാണ് ഫെന്റനൈല്‍. ചൈനയാണ് ഫെന്റനൈലിന്‍ കടത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തി ഫെന്റനൈലിന്റെ അമേരിക്കയിലേക്കുള്ള വ്യാപനം തടയാന്‍ ശ്രമിച്ചിരുന്നു.
ഇതിന്റെ ഓവര്‍ഡോസുമായി ബന്ധപ്പെട്ട് 2024 ല്‍ മാത്രം അമേരിക്കയില്‍ 48,000 മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ആയതിനാല്‍ ഇതിന്റെ രാജ്യവ്യാപക കടത്തില്‍ ബന്ധമുള്ള ആളുകള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം രാജ്യം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. വിസ റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വന്നിട്ടുള്ള അപേക്ഷകളും തള്ളി.