ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ തന്ത്രപധാനമായ പങ്കാളിത്തമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ട് രാജ്യങ്ങളുടേയും താല്‍പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
സൗദിയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട സൈനിക സഹകരണ കരാറില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. ആണവശക്തിയായ പാകിസ്ഥാനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധ സഹകരണക്കരാറില്‍ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ഒപ്പുവച്ചത്. ബുധനാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദര്‍ശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കരാറില്‍ ഒപ്പിട്ടത്.
ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കും എന്നതാണ് പ്രധാന വ്യവസ്ഥ. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് പ്രതിരോധക്കരാറും വ്യവസ്ഥകളും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സായുധ സംഘര്‍ഷമുണ്ടായി നാല് മാസം പിന്നിടുന്ന വേളയിലാണ് സൗദിയുമായി പാകിസ്ഥാന്‍ ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സൗദി-പാക് പ്രതിരോധക്കരാര്‍ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.